ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ല: മന്ത്രി റോഷി
Tuesday, January 2, 2024 10:00 AM IST
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത വിഷയത്തിൽ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും സമാന വിമർശനം ഉന്നയിച്ചിരുന്നു. ഈ രണ്ട് പ്രസ്താവനകളെയും മന്ത്രിസഭയിലെ കേരള കോൺഗ്രസ്-എം പ്രതിനിധിയായ റോഷി തള്ളിയിരിക്കുകയാണ്.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. ക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയേണ്ടത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളല്ല.
ഏതെങ്കിലും ഒരു വിരുന്നിന് പോയാല്‍ ആ രാഷട്രീയ പാര്‍ട്ടിയോടാണ് ക്രൈസ്തവ സമൂഹത്തിന് ചായ്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.