ഹൈക്കമാൻഡ് തീരുമാനിക്കും; രാമക്ഷേത്ര വിഷയത്തിൽ ദീപാ ദാസ് മുൻഷി
Saturday, December 30, 2023 6:12 PM IST
തിരുവനന്തപുരം: രാമക്ഷേത്ര വിഷയത്തിൽ എഐസിസി തീരുമാനമെടുക്കുമെന്ന് കെപിസിസി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. ഈ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളും അനാവശ്യ ചർച്ചകളും പാടില്ലെന്നും അവർ ആവശ്യപ്പെട്ടു.
സംഘടനാപരമായ തിരക്കുകൾ കാരണമാണ് വിഷയത്തിൽ തീരുമാനം വൈകുന്നത്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിനില്ലെന്നും കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ദീപാ ദാസ് പ്രതികരിച്ചു. രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കരുതെന്നത് സിപിഐയുടെ മാത്രം തീരുമാനമാണ്. ആര് എവിടെയൊല്ലാം മത്സരിക്കണമെന്നത് കോണ്‍ഗ്രസ് തീരുമാനമാണെന്നും ഇവർ പറഞ്ഞു.
അതേസമയം, ചടങ്ങ് ബഹിഷ്കരിക്കാൻ കോണ്‍ഗ്രസിനുമേൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് കനത്ത സമ്മർദമുണ്ട്. കോണ്‍ഗ്രസ് അനുകൂലമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുതായി ലീഗ് യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു.