തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ പുരോഗമിക്കുന്നു
Friday, December 22, 2023 2:51 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹർത്താൽ നടക്കുന്നത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അക്രമി സംഘം അടിച്ചുതകർത്തു. വീട്ടിലുണ്ടായിരുന്ന സുഹൈലിന്റെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും ആക്രമിച്ചതായി പരാതിയുണ്ട്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായി സിപിഎമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. അതേസമയം ഹർത്താലിനെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് നിരീക്ഷണവുമുണ്ട്.