ഗൗരി ലങ്കേഷ് വധം; 11-ാം പ്രതിക്ക് ജാമ്യം
Friday, December 8, 2023 11:05 PM IST
ബംഗുളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്നാം പ്രതിയായ മോഹൻ നായ്ക്കിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിലെ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും പ്രതികൾക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകിയെന്നുമാണ് നായക്കിനെതിരെയുള്ള ആരോപണം. 2018 ജൂലൈ 18 മുതൽ നായക് പോലീസ് കസ്റ്റഡിയിലാണ്.
കേസിന്റെ വിചാരണ അനന്തമായി നീളുന്നുവെന്ന് കാണിച്ചാണ് പ്രതി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. നേരത്തെ മോഹൻ നായിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
ഇപ്പോൾ നൽകിയ ജാമ്യപേക്ഷ പരിഗണിക്കവേ, വിചാരണ നീളുന്നത് പ്രതിയുടെ കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ വിസ്തരിച്ച സാക്ഷികളാരും മോഹൻ നായിക്കിന് വധത്തിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.