"അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവരും എ പ്ലസ് നേടുന്നു'; വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി
Tuesday, December 5, 2023 6:10 PM IST
തിരുവനന്തപുരം: വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ പ്രതികരണത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് തന്നെയാണ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുന്നത്.
അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ പോലും എ പ്ലസ് നേടുന്നെന്നായിരുന്നു വിമര്‍ശനം. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയാറാക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ ശില്പശാലയില് വച്ച് നടത്തിയ പരാമര്‍ശത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അറിയില്ല. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍കരുതെന്ന് അദ്ദേഹം അധ്യാപകരോട് പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.
എ പ്ലസും, എ ഗ്രേഡും നിസാരമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോൾ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.