നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി ശിവൻകുട്ടി
Tuesday, November 28, 2023 8:49 PM IST
തിരുവനന്തപുരം: നവകേരള സദസിൽ വിദ്യാർഥികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. അവാസ്തവ കഥകൾ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പരിപാടിയാണ് നവകേരള സദസ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കാം. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിനു ജനങ്ങളാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നവകേരള സദസിൽ പങ്കെടുക്കുന്നത്.
സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാർഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് ഒരു ഉത്തരവും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്നോ നൽകിയിട്ടില്ല.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ആകെ തലസ്ഥാന നഗരം വിട്ട് ഒരുമിച്ച് ജനങ്ങളെ നേരിട്ട് കാണാൻ ഇറങ്ങുന്ന വേളയിൽ അവരെ അഭിവാദ്യം ചെയ്യാൻ ആബാലവൃദ്ധം ജനം റോഡിന്റെ രണ്ട് വശത്തിലും അണിനിരക്കുന്നത് സ്വഭാവികമാണ്. അത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല.
കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നിട്ടുള്ളത്. അതു മറച്ചു വച്ച് ചെറിയ കാര്യങ്ങൾ പൊക്കിപ്പിടിച്ച് നവകേരള സദസിനുള്ള ജനപിന്തുണ കുറയ്ക്കാൻ ആകുമോ എന്നാണ് നോട്ടം.
രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ട് പോകാൻ അവകാശം ഉണ്ട്. അത് കണ്ട് വിമർശകർ വെപ്രാളം കാണിച്ചിട്ട് കാര്യമില്ല. വിദ്യാർഥികളെ മണിക്കൂറുകളോളം വെയിലത്തു നിർത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്.
സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയാണ് പിണറായി സർക്കാർ സംരക്ഷിക്കുന്നത്. നവകേരളസദസിന്റെ വിജയത്തിൽ വിറളിപൂണ്ടവരുടെ വ്യാജ ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.