ആര്യാടൻ ഫൗണ്ടേഷൻ സമാന്തര പാർട്ടിയാക്കരുത്; ഷൗക്കത്തിന് കെപിസിസി താക്കീത്
Friday, November 24, 2023 6:53 PM IST
തിരുവനന്തപുരം: ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിന് ശക്തമായ താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി ആര്യാടൻ ഫൗണ്ടേഷൻ പ്രവർത്തിക്കരുതെന്നും ഫൗണ്ടേഷന്റെ പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ മുൻകൂട്ടി അറിയിക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു.
പാർട്ടി വിലക്കിയിട്ടും പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കുന്നുവെന്ന് കെപിസിസി വ്യക്തമാക്കി. ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടൻ ഷൗക്കത്തിനെയും മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിച്ചു.
അതേസമയം, കടുത്ത നടപടി ഒഴിവാക്കിയത് ഖേദപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് കെപിസിസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.