തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തി നടപടികളെടുക്കാന്‍ സര്‍ക്കാര്‍.

ഇത്തരത്തില്‍ ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഇത് സംബന്ധിച്ച് വന്ന വിധി നടപ്പാക്കാത്തതിന് സര്‍ക്കാരിനേയും തദ്ദേശസ്ഥാപനങ്ങളേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സര്‍ക്കുലര്‍ ഇറക്കിയത്.

പൊതുജനശല്യം, ഗതാഗത തടസം സൃഷ്ടിക്കുക, പൊതുസ്ഥലത്ത് അപകടം വരുത്തുന്ന നടപടികള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാകും കേസെടുക്കുക.

പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ പലരും ഇത് പാലിക്കാറില്ല.

കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരത്തില്‍ നടക്കുന്ന നിയമലംഘനത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടിയെടുത്ത് വരികയാണ്.