ആലുവയിൽ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടിത്തം
Monday, November 20, 2023 7:17 PM IST
ആലുവ: ജൈവ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടുത്തം. ആലുവ അസീസി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രൊഡക്ട് കമ്പനിയിലാണ് രാത്രി 12 ഓടെ വൻ തീപിടിത്തമുണ്ടായത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നു ഏഴു യൂണിറ്റ് വാഹനങ്ങളെത്തി രണ്ടു മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ അണച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വന്നതായാണ് വിവരം. ശക്തമായ പുകയും തീപിടിച്ച ഭക്ഷ്യവസ്തുക്കളുടെ രൂക്ഷഗന്ധവും കാരണം ആദ്യഘട്ടത്തിൽ അഗ്നിശമനാംഗങ്ങൾക്ക് കെട്ടിടത്തിൽ കയറാനായില്ല. ശ്വസന സഹായ യന്ത്രങ്ങൾ ഉപയോഗിച്ചാണ് അകത്തുകയറിയത്.
ഇടയ്ക്കിടയ്ക്ക് ഫുഡ് കാനുകൾ പൊട്ടിത്തെറിച്ചതിനാൽ സാഹസികമായാണ് തീയണച്ചതെന്ന് പെരുമ്പാവൂർ അഗ്നിരക്ഷാ യൂണിറ്റംഗങ്ങൾ പറഞ്ഞു. സമീപത്തുനിന്ന് വെള്ളവും ലഭിക്കാതിരുന്നത് വെല്ലുവിളിയായി.
അർധരാത്രി 12.10-നാണ് ആലുവ നിലയത്തിൽ തീപിടിത്ത സന്ദേശം ലഭിക്കുന്നത്. സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥിയാണ് സംഭവം വിളിച്ച് അറിയിച്ചത്. ഒൻപത് ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രാത്രി ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് ആറോടെ ജീവനക്കാരും ഉടമയും സ്ഥാപനം പൂട്ടി പോയതാണെന്ന് ഫയർഫോഴ്സ് അറിയിച്ചു.
ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ തീയിൽ അകപ്പെട്ടെങ്കിലും അതിവേഗത്തിൽ എടുത്തു മാറ്റിയതിനാൽ പൊട്ടിത്തെറി ഒഴിവാക്കാനായി. ഇന്നു കയറ്റുമതി നടത്തുന്നതിനായി പായ്ക്ക് ചെയ്ത വസ്തുക്കൾ ഉൾപ്പെടെയാണ് അഗ്നിക്കിരയായത്. എന്നാൽ പ്രധാന ഗോഡൗണിലേക്ക് തീപടരാതെ കമ്പനിയുടെ ഇരുഭാഗത്തുനിന്നും സേനാംഗങ്ങൾ പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
രാജശ്രീ മഹിബാലൻ, ശ്രീനിലയം, ലക്ഷ്മി ലൈൻ, സൗത്ത് എടയപുറം, ആലുവ എന്ന വിലാസക്കാരിയുടെ പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ, ടി.കെ. എൽദോസ്, ലൈജു തമ്പി മറ്റ് 26 അഗ്നി രക്ഷാ സേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. രണ്ടര മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ പൂർണമായി അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതുന്നു.