ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും; അച്ചടക്കസമിതി റിപ്പോർട്ട് കെപിസിസിക്ക് കൈമാറി
Saturday, November 18, 2023 4:05 PM IST
തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഷൗക്കത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതുമായി ബന്ധപ്പെട്ടുള്ള അച്ചടക്കസമിതി റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും.
അതേസമയം കെപിസിസിക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ തുടർനടപടി എന്തെന്നുള്ളത് നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ 24ന് ശേഷമാകും തുടർ നടപടി ഉണ്ടാകുക
ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരുകൂട്ടർ അച്ചടക്ക സമിതിയിൽ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന താക്കീത് മതി എന്നുള്ളതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ.
അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായ ആര്യാടൻ ഷൗക്കത്ത് വിശദീകരണം നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് താക്കീതിലേക്ക് നടപടി ഒതുക്കുന്നത്.