സുപ്രീംകോടതി വിധിക്ക് പുല്ലുവില; പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ഡൽഹി നിവാസികൾ
Monday, November 13, 2023 5:19 AM IST
ന്യൂഡല്‍ഹി: കരിമരുന്ന് പ്രയോഗം വിലക്കിയ സുപ്രീംകോടതി വിധിക്ക് വില കല്‍പ്പിക്കാതെ ഡല്‍ഹി നിവാസികള്‍. ഡല്‍ഹിയുടെ പലയിടങ്ങളിലും വിലക്ക് ലംഘിച്ച് കരിമരുന്ന് പ്രയോഗം നടത്തി ആളുകള്‍ ദീപാവലി ആഘോഷിച്ചു.
ഷാഹ്പുര്‍ ജാത്, ഹോസ് ഖാസ് മേഖലകളിലാണ് നിയമലംഘനം കൂടുതലായി നടന്നത്. ഇവിടെയുള്ള ഒരു പാര്‍ക്കില്‍ നിരവധി ആളുകള്‍ കരിമരുന്ന് പ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം നാലിനു ശേഷമാണ് പടക്കംപൊട്ടിക്കലിന്റെ തോത് കൂടി വന്നത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവായിരുന്നുവെന്നാണ് നിഗമനം.
എന്നാല്‍ വീടുകളില്‍ ഇത്തരത്തില്‍ പടക്കംപൊട്ടിച്ച് ആഘോഷം നടത്തിയവര്‍ പൊതുവെ കുറവാണ്.
താന്‍ താമസിക്കുന്ന ഡിഫന്‍സ് കോളനി പരിസരത്തു വരെ ആളുകള്‍ പടക്കം പൊട്ടിച്ചെന്ന് പരിസ്ഥിതിപ്രവര്‍ത്തക ഭവ്രീന്‍ കാന്ധാരി പിടിഐയോടു പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും മാറ്റമൊന്നും കാണാനില്ലെന്നും ഭവ്രീന്‍ കൂട്ടിച്ചേര്‍ത്തു.