ഡൽഹിയിൽ ഒറ്റയക്ക ഇരട്ടയക്ക നമ്പർ നിയന്ത്രണം തൽക്കാലത്തേക്കില്ല
Friday, November 10, 2023 7:30 PM IST
ന്യൂഡൽഹി: ഡൽഹിയിൽ വാഹന നിയന്ത്രണം തൽക്കാലത്തേക്കില്ല. വായുമലിനീകരണം പ്രതിരോധിക്കാൻ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം തൽക്കാലത്തേക്ക് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം മഴ പെയ്ത സാഹചര്യത്തിൽ ഡൽഹിയിലെ വായുഗുണനിലവാര സൂചിക 450ൽ നിന്നും 300 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾക്ക് തൽക്കാലത്തേക്ക് ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണം ആവശ്യമില്ല.
ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തി നിയന്ത്രണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.