"തെറ്റിദ്ധാരണ മാറ്റും'; ആര്യാടന് ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നിലെത്തി
Monday, November 6, 2023 6:45 PM IST
തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്. പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നില്‍ പറയും. പാര്‍ട്ടി അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ് താൻ. തന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റല്‍ ആണ് പ്രധാനമെന്നും അദേഹം പറഞ്ഞു.
താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. പാലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്റെ വിശദീകരണം പാര്‍ട്ടിക്ക് നല്‍കും. അത് സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഞാന്‍ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയാണ്.
സിപിഎം ക്ഷണം ഉണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നയാള്‍ എന്ന നിലയില്‍ എന്റെ പ്രതികരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബാക്കി കാര്യങ്ങള്‍ പിന്നീട് സംസാരിക്കും. അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരും. ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു.
അധിനിവേശവും ചെറുത്തുനില്‍പ്പുമാണ് പലസ്തീനില്‍ നടക്കുന്നത്. പലസ്തീന് വേണ്ടി പോരാടുകയും എഐസിസി പ്രമേയം അവതരിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. പലസ്തീനിന്റെ ജനങ്ങളുമായി ഐക്യപ്പെടുകയെന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
റാലി സംഘടിപ്പിച്ചതില്‍ വിശദീകരണം നല്കാന് കോൺഗ്രസ് അച്ചടക്ക സമിതിക്ക് മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്.