ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എംഎൽഎ സ്ഥാനത്തിന് വേണ്ടി പോകില്ല: കെ. മുരളീധരൻ
Sunday, November 5, 2023 12:12 PM IST
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടൻ ഷൗക്കത്ത് ബദൽ പരിപാടി നടത്തിയത് ശരിയായില്ലെന്ന് കെ. മുരളീധരൻ എംപി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നില്ക്കുന്ന സാഹചര്യത്തിൽ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇപ്പോൾ എടുക്കുന്നത് ശരിയല്ലെന്നും എന്നാൽ കെപിസിസി പറയുന്നതിന് വിലയില്ലായ്മ കാണിക്കുന്നതും ശരിയല്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
ആര്യാടൻ മുഹമ്മദാണ് മലപ്പുറത്ത് കോൺഗ്രസിനെ കെട്ടിപ്പടുത്തത്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മകൻ സ്വതന്ത്ര വേഷംകെട്ടി എംഎൽഎ,എംപി സ്ഥാനത്തിനു വേണ്ടി പോകില്ലെന്നാണ് താൻ കരുതുന്നത്. അദ്ദേഹത്തിന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിത്വം കിട്ടാൻ ഒരു പ്രയാസവുമില്ല. നല്ല കരുത്തുള്ള "കൈ' ഉള്ളപ്പോൾ അദ്ദേഹത്തിന് എൽഡിഎഫ് സ്വതന്ത്രനായി ചെണ്ടയിലും ഓട്ടോറിക്ഷയിലും കയറേണ്ട ആവശ്യമില്ലല്ലോ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. തെറ്റു തിരുത്തിക്കൊണ്ടുള്ള ഒരു നിലപാട് ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പലസ്തീൻ റാലി വിഷയത്തിൽ ലീഗ് ഉറച്ച നിലപാട് എടുത്തുവെന്നും ഇത് സ്വാഗതാർഹമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.