ആര്യാടൻ ഷൗക്കത്തിന് വിലക്ക്
Saturday, November 4, 2023 8:11 PM IST
തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി. ഒരാഴ്ച പാർട്ടി പരിപാടികളിൽനിന്നു ഷൗക്കത്തിനെ കെപിസിസി വിലക്കി.
അതേസമയം ഷൗക്കത്തിനെതിരായ തുടർ നടപടി അച്ചടക്ക സമിതി തീരുമാനിക്കും. സമിതി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കും. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന്റേത് അച്ചടക്ക ലംഘനം തന്നെയാണെന്നും കെപിസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി വ്യക്തമാക്കിയിരുന്നു.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്. എന്തിനു വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീനു വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു.