സമഗ്രമായ ഭൂപരിഷ്കരണമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ. രാജൻ
Thursday, November 2, 2023 11:33 PM IST
തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ച ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ.
ഭൂപരിഷ്കരണം എന്ന ആശയത്തെ കൂടുതൽ കരുത്തോടെ കേരളത്തിൽ നടപ്പാക്കണം. 1966 ലെ ഭൂപരിഷ്കരണ നിയമത്തിന്റെ തുടർച്ചയായി ആരംഭിച്ചതാണ് റീസർവേ നടപടികൾ. 55 ശതമാനം സ്ഥലങ്ങൾ മാത്രമാണ് റീസർവേയിലൂടെ അടയാളപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് 858 കോടി 57 ലക്ഷം രൂപ ചെലവഴിച്ച് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നാലുവർഷത്തിനുള്ളിൽ സമ്പൂർണ ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ 1550 വില്ലേജുകളിൽ കേരളത്തെ ഡിജിറ്റലായി അളക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന പേരിൽ ഒരു ഇന്റഗ്രെറ്റഡ് പോർട്ടൽ നിലവിൽ വന്നു. റവന്യൂ, രജിസ്ടേഷൻ, റവന്യൂ, സർവേ വകുപ്പുകളെ സംയോജിപ്പിച്ചാണിത്. ആദ്യ ഘട്ടത്തിൽ 15 വില്ലേജുകളിൽ ഈ നവംബർ മാസത്തിൽ തന്നെ എന്റെ ഭൂമി സംവിധാനം നിലവിൽ വരും.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ എല്ലാ സർവേ രേഖകളും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ വാലിയും നിലവിൽ വരും. ഐക്യ കേരളത്തിൽ ആദ്യമായി ഈ സർക്കാർ സെറ്റിൽമെന്റ് ആക്ട് നടപ്പാക്കും.
പല തണ്ടപ്പേരുകളിൽ ഭൂമി സംഭരിച്ച് ഭൂപരിഷ്കരണത്തെ വെല്ലുവിളിക്കുന്നതിനെതിരേ യൂണീക് തണ്ടപ്പേർ സംവിധാനവും നിലവിൽ വരും. കേന്ദ്ര ഐടി വകുപ്പിന്റെ അനുമതിയോടെ യുണീക്ക് തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ലാൻഡ് ട്രിബ്യൂണൽ കേസുകൾ തീർപ്പാക്കുന്നതിന് നാല് സോണുകളാക്കി തിരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം 336 ഹെക്ടർ ഭൂമി ഈ വിഭാഗത്തിൽ തിരിച്ചു പിടിച്ചു. 40,000 കേസുകളാണ് അവശേഷിക്കുന്നത്. ഇത് 2024 ൽ തീർപ്പാക്കും.
തോട്ട ഭൂമിയുടെ അവകാശം സംബന്ധിച്ച കേസുകളുമായി സർക്കാർ മുന്നോട്ട് പോകും. മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ദൗത്യം സർക്കാർ നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.