ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Tuesday, October 31, 2023 7:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ശ്രീലങ്കക്കും കോമറിന് മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍,വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായിട്ടാണ് മഴ തുടരുന്നത്.
നവംബര്‍ മൂന്ന് വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നു രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.