ടെല്‍ അവീവ്: യുദ്ധം രൂക്ഷമാകുന്നതിനിടയില്‍ ഹമാസിന് ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സൂചനയ്ക്ക് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ചില ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ ഇസ്രയേല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

തീവ്രവാദ സംഘടനകള്‍ക്കടക്കം ഇത്തരത്തില്‍ ക്രിപ്‌റ്റോ രൂപത്തിലുള്ള ധനസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ എന്നത്.

ഹമാസിന് ഇത്തരം കറന്‍സി വഴി സഹായം ലഭിക്കുന്നുവെന്ന സൂചനയ്ക്ക് പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അമേരിക്കയിലെ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കാത്ത വിധത്തിലുതാണ് മിക്ക ക്രിപ്‌റ്റോ ഇടപാടുകളും നടക്കുന്നത്.

വ്യാജ വിലാസം സൃഷ്ടിച്ച് വരെ ക്രിപ്‌റ്റോ കറന്‍സികള്‍ തയറാക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഇവയുടെ വിനിമയം തടയുക എന്നത് ഏറെ പ്രയാസമേറിയ ഒന്നാണ്.

തീവ്രവാദികളുടെയടക്കം ധന ഇടപാടുകള്‍ക്കായി ക്രിപ്‌റ്റോയെ ഉപയോഗിക്കുമെന്നും ഇവര്‍ ഇതിനെ സുരക്ഷിത സംവിധാനമായി കാണുമെന്നും ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ മുന്നറിയിപ്പുണ്ട്.