കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; കേൾവിശക്തി നഷ്ടമായി
Wednesday, October 25, 2023 8:52 AM IST
തൃശൂർ: ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടമായി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ് പരിക്കേറ്റത്.
വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ശക്തമായി മിന്നലേറ്റത്. തുടർന്ന് ഐശ്വര്യയും കുഞ്ഞും കട്ടിലിൽ നിന്ന് തെറിച്ചുവീണു.
ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇടതുചെവിയുടെ കേൾവിശക്തി നഷ്ടമായി. മുടി കുറച്ചുഭാഗം കരിഞ്ഞു. അതേസമയം, കുഞ്ഞിന് പരിക്കുകളില്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
മിന്നലേറ്റ് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു.