ഇസ്രയേലിലെത്തി ഋഷി സുനക്; തീവ്രവാദത്തിനെതിരേ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് ബ്രീട്ടിഷ് പ്രധാനമന്ത്രി
Thursday, October 19, 2023 5:17 PM IST
ടെല്‍ അവീവ്: ഹമാസ് തീവ്രവാദികൾക്കെതിരായ പോരാട്ടം തുടരുന്നതിനിടെ ഇസ്രയേൽ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് വ്യാഴാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്സില്‍ കുറിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.
യുദ്ധത്തില്‍ ഇസ്രയേലിലും പലസ്തീനിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുമെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കണമെന്ന് സുനക് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
അതേ സമയം യുദ്ധത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുന്ന രീതിയിലാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ പ്രതികരണം. പലസ്തീന് ജനതയെ ഇസ്രയേല്‍ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു.
ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ 500ൽ അധികം ആളുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ അനുവാദം നൽകുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു.
റാഫാ അതിര്‍ത്തി വഴി അടിയന്തര സഹായമായി മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഇതുവഴി ഗാസയിലേക്കെത്തും.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്താഹ് എല്‍സിസി സമ്മതം അറിയിച്ചത്. അതേസമയം ഗാസയിലെ ആളുകളെ റാഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും എൽസിസി വ്യക്തമാക്കി.