ഇന്ധനവില വര്‍ധനയില്‍ പ്രവചനത്തിനില്ല: കേന്ദ്ര പെട്രോളിയം മന്ത്രി
വെബ് ഡെസ്ക്
Wednesday, October 11, 2023 6:38 PM IST
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ പ്രവചനത്തിനില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കൂടിയേക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ആഗോള സാമ്പത്തിക തിരിച്ചുവരവിന് തിരിച്ചടിയാകും. സാഹചര്യം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായതിന് പിന്നാലെ ചൊവാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില 5 ശതമാനം വര്‍ധിച്ച് ബാരലിന് 87.8 യുഎസ് ഡോളറിലെത്തിയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് ക്രൂഡ് വിലയില്‍ 11 ശതമാനത്തോളം കുറവ് വന്നിടത്താണ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ വില കുത്തനെ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തന്നെ ക്രൂഡ് വില വര്‍ധിച്ചത് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും ക്രൂഡ് ലഭിക്കുകയും എണ്ണവിലയില്‍ കുറവ് വരികയും ചെയ്തിട്ടും രാജ്യത്തെ ഇന്ധനവിലയില്‍ ഇത് പ്രതിഫലിച്ചില്ല. യുദ്ധം തുടരുകയാണെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ ലഭ്യതയെ ഇത് ബാധിച്ചിട്ടില്ല.
എന്നാല്‍ യുദ്ധം ശക്തമായി തുടര്‍ന്നാല്‍ ഇത് ലഭ്യതയെ ബാധിക്കുകയും രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. ഈ വര്‍ഷം ആദ്യ മാസങ്ങളിൽ ഉണ്ടായ നഷ്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എണ്ണ കമ്പനികളെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ധനവിലയില്‍ മാസങ്ങളായി വര്‍ധന വരുത്താത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് ജനുവരി-ജൂണ്‍ കാലയളവില്‍ 21,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.