നിയമനക്കോഴ: അഖിൽ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ബാസിത്
Wednesday, October 11, 2023 3:59 PM IST
തിരുവനന്തപുരം: വിവാദമായ നിയമനക്കോഴക്കേസിൽ പുതിയ വെളിപ്പെടുത്തൽ. ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് മുൻ എഐഎസ്എഫ് നേതാവ് കെ.പി. ബാസിത്.
ഹരിദാസനിൽ നിന്ന് പണം തട്ടാനാണ് മന്ത്രിയുടെ ഓഫീസിന്റെ പേരുപറഞ്ഞതെന്നും പരാതി നല്‍കാമെന്ന് ഹരിദാസനെ വിശ്വസിപ്പിച്ചതും പിഎ അഖിൽ മാത്യുവിന്റെ പേര് എഴുതിച്ചേർത്തത് താനാണെന്നും ബാസിത് വെളിപ്പെടുത്തി. ഹരിദാസനു വേണ്ടി പരാതി എഴുതിനല്‍കിയതും താനാണെന്ന് ബാസിത് സമ്മതിച്ചു.
കേസിൽ വ്യക്തത വരുത്താൻ ബാസിതിനെയും ഹരിദാസിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഒളിവിലായിരുന്ന ബാസിതിനെ ചൊവ്വാഴ്ച മഞ്ചേരിയിൽനിന്നാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയോടെ ഇയാളെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരേ കോഴ ആരോപണം ഉന്നയിച്ചത് ബാസിത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് ഹരിദാസൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഒരു ലക്ഷം രൂപ ബാസിതിന് നേരിട്ട് കൊടുത്തുവെന്നും ലെനിൻരാജിന് അൻപതിനായിരം രൂപയും അഖിൽ സജീവിന് 25000 രൂപയും കൊടുത്തുവെന്നും ഹരിദാസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ബാസിത് വാങ്ങിയ പണം അഖിൽ മാത്യുവിന് നൽകിയെന്നായിരുന്നു തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
മന്ത്രിയുടെ ഓഫീസിലെ ലിസ്റ്റിൽ മരുമകളുടെ പേര് ഉണ്ടെന്നും കാണിച്ച് തരാമെന്നും വിശ്വസിപ്പിച്ചാണ് തന്നെ ബാസിത്ത് സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ മന്ത്രിയുടെ ഓഫീസിലേക്ക് ആരെയും ഇപ്പോൾ കടത്തിവിടില്ലെന്ന് ബാസിത് പറഞ്ഞതുകൊണ്ട് തിരികെ പോരുകയാണ് ചെയ്തത്. തനിക്കെതിരെയുള്ള ഭൂമിക്കേസിൽ വേണ്ട സഹായം ഉറപ്പ് നൽകിയാണ് ബാസിത് ഒപ്പം കൂടിയതെന്നും ഹരിദാസ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.