രാമന്തളിയിൽ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
Saturday, September 30, 2023 9:01 PM IST
പയ്യന്നൂര്‍: ഹെല്‍മറ്റും മാക്സിയും ധരിച്ചെത്തിയ മൂവര്‍സംഘം രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വാട്ടര്‍ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്സെന്റിലെ പരേതനായ ഖാദറിന്റെ മകന് എം.പി.ഷൈനേഷിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 1.10 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട യൂണിക്കോണ്‍ ബൈക്ക് തീവച്ച് നശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരിലൊരാള്‍ കുപ്പില് കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു.
സംഭവത്തിന് പിന്നില്‍ വീട്ടിലേക്കുള്ള സ്വകാര്യ റോഡില്‍ മണ്ണിട്ടതിന്റെ വിരോധമായിരിക്കാമെന്ന് പോലീസിന് നല്കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.