ബൊപ്പണ-ഭോസലെ സഖ്യത്തിന് സ്വർണം; ഭാരോദ്വഹനത്തിൽ ചാനുവിന് അടിതെറ്റി
Saturday, September 30, 2023 3:28 PM IST
ഹാംഗ്ഷു: ഏഷ്യൻ ഗെയിംസ് ടെന്നീസ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസലെ സഖ്യത്തിന് സ്വർണം. ചൈനയുടെ എൻഷുവോ ലിയാംഗ്-സംഗ് ഹാവോ സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യ സ്വർണമെഡൽ കരസ്ഥമാക്കിയത്. സ്കോർ: 2-6,6-3,10-4.
ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടാം സെറ്റ് പിടിച്ചടക്കിയും മൂന്നാം സെറ്റ് ടൈബ്രേക്കർ നിസാരമായി സ്വന്തമാക്കിയുമാണ് ഇന്ത്യ മെഡലിലേക്ക് കുതിച്ചത്.
43 വയസുകാരനായ ബൊപ്പണയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ ആണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ പുരുഷ ഡബിൾസ് മത്സരത്തിൽ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യം സ്വർണം നേടിയിരുന്നു. ഈ സ്വർണനേട്ടം ആവർത്തിക്കാനായി ഹാംഗ്ഷു ഗെയിംസിനെത്തിയ യുകി ബാംബ്രി-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ തന്നെ പുറത്തായത് ഏവരെയും ഞെട്ടിച്ചിരുന്നു.
ഇതിനിടെ, ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു മെഡലില്ലാതെ ഹാംഗ്ഷുവിനോട് വിടപറഞ്ഞു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ചാനു നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വലതുകാലിന്റെ തുടയ്ക്കേറ്റ പരിക്ക് മൂലം, മത്സരത്തിൽ ആകെ 191 കിലോഗ്രാം മാത്രമാണ് ചാനുവിന് ഉയർത്താൻ സാധിച്ചത്.
ഉത്തര കൊറിയയുടെ സോംഗം റു ലോക റിക്കാർഡോടെ(216 കിലോഗ്രാം) മത്സരത്തിൽ സ്വർണം കരസ്ഥമാക്കി.