72 വർഷത്തെ മെഡൽ വരൾച്ച എറിഞ്ഞുടച്ച് ബാലിയൻ; ഏഷ്യൻ ഗെയിംസ് ഷോട്ട് പുട്ടിൽ വെങ്കലം
Friday, September 29, 2023 10:46 PM IST
ഹാംഗ്ഷു: ഏഷ്യൻ ഗെയിംസിന്റെ 72 വർഷത്തെ ചരിത്രത്തിനിടെ വനിതാ ഷോട്ട് പുട്ടിൽ ആദ്യമായി മെഡൽ സ്വന്തമാക്കി ഇന്ത്യ. മീററ്റ് സ്വദേശിയായ 24 വയസുകാരി കിരൺ ബാലിയൻ നേടിയ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
ഹാംഗ്ഷു ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണ് 17.26 മീറ്റർ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞിട്ട ബാലിയൻ സ്വന്തമാക്കിയത്. ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ലിജിയാവോ ഗോംഗ് 19.58 മീറ്റർ ദൂരം കണ്ടെത്തി സ്വർണം സ്വന്തമാക്കി. ചൈനയുടെ ജിയാവാൻ സോംഗിനാണ് വെള്ളി മെഡൽ.
മെഡൽ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് പേർക്ക് മാത്രമാണ് 17 മീറ്റർ എന്ന കടമ്പ കടക്കാനായത്. മുതിർന്ന ഇന്ത്യൻ താരം മൻപ്രീത് കൗറിന് 16.25 മീറ്റർ ദൂരം മാത്രമാണ് കണ്ടെത്താനായത്. കൗർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.