ഫോബ്സ് അണ്ടർ 30 പട്ടികയിൽ ഇടംനേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയിൽ
Thursday, September 28, 2023 2:33 AM IST
ന്യൂയോർക്ക്: യുഎസിലെ യുവ സംരംഭകയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡാറ്റാ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെ (26) ആണ് കൊല്ലപ്പെട്ടത്. ബാൾട്ടിമോർ പോലീസ് മൗണ്ട് വെർണോൺ പരിസരത്തുള്ള അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11:30 ഓടെ അപ്പാർട്ട്മെന്റൽ നിന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ സംശയിക്കപ്പെടുന്ന 32 കാരനായ ജെയ്സൺ ഡീൻ ബില്ലിംഗ്സ്ലി എന്നയാളെ പോലീസ് തിരയുന്നു.
പ്രതിയെന്ന് സംയേിക്കപ്പെടുന്ന ആളെ അപകടകാരിയായി കണക്കാക്കണമെന്ന് ആക്ടിംഗ് പോലീസ് കമ്മീഷണർ റിച്ചാർഡ് വോർലി മുന്നറിയിപ്പ് നൽകി. പാവ ലാപെറെയുടെ സ്റ്റാർട്ടപ്പ് കമ്പനി ഈ വർഷം ഫോബ്സിന്റെ ഫോബ്സ് അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ചിരുന്നു.