ഗോവിന്ദന്റെ കാപ്സ്യൂള്‍ അണികള്‍ക്കുപോലും ദഹിക്കുന്നില്ലെന്ന് സുരേന്ദ്രന്
Friday, September 22, 2023 8:14 PM IST
കോഴിക്കോട്: സിപിഎമ്മിന്റെ ഉന്നത നേതാക്കൾ നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സിപിഎം നേതാക്കൾ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദൻ ന്യായീകരിക്കുകയാണ്. അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവ് പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും ഇഡിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്.
മർദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണ്. കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് സർക്കാർ അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ തട്ടിപ്പുകാർക്കൊപ്പമായതു കൊണ്ടാണ് സിപിഐ ബോർഡ് മെമ്പർമാർക്ക് വരെ ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത്. ഗോവിന്ദന്റെ കാപ്സ്യൂൾ പാർട്ടി അണികൾക്ക് പോലും ദഹിക്കാത്തതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.