നടൻ ഷിയാസ് കരീമിനെതിരേയുള്ള പീഡന പരാതി; അന്വേഷണം പുരോഗമിക്കുന്നു
Wednesday, September 20, 2023 1:46 PM IST
തൃക്കരിപ്പൂർ: സിനിമാനടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ യുവതിയുടെ പീഡന-പണമിടപാട് സംബന്ധിച്ച പരാതിയിലുള്ള കേസന്വേഷണം പുരോഗമിക്കുന്നു.
എറണാകുളത്തെ കലൂർ, എളമക്കര എന്നിവടങ്ങളിലായി ഷിയാസ് കരീമിന്റെയും പരാതിക്കാരി യുവതിയുടെയും പേരിലെടുത്ത ഫ്ലാറ്റുകളിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജും സംഘവും എത്തി കേസന്വേഷണം നടത്തി. കൂടാതെ എറണാകുളത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലും പോലീസ് പരിശോധന നടത്തി.
തൃക്കരിപ്പൂർ സ്വദേശിനിയായ യുവതി പരാതിയിൽ പറഞ്ഞ 11 ലക്ഷം രൂപയുടെ ഇടപാട് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ എറണാകുളത്തെ ധനകാര്യ സ്ഥാപനങ്ങളിൽ ചന്തേര പോലീസ് വീണ്ടും എത്തും. ഇതിനൊപ്പം ഇടുക്കി മൂന്നാറിൽ താമസിച്ചതിനുള്ള തെളിവുകളും അടുത്ത ഘട്ടത്തിൽ അന്വേഷണ ഭാഗമായുണ്ടാവും.
എറണാകുളത്ത് വച്ചാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ വാങ്ങി വഞ്ചിച്ചതായുമുള്ള പരാതിയിലാണ് ചന്തേര പോലീസ് അന്വേഷണം തുടങ്ങിയത്. ചെറുവത്തൂരിലെ റസിഡൻസി ഹോട്ടലിൽ താമസിപ്പിച്ച് പീഡനം നടത്തിയതായുള്ള പരാതിയിലാണ് കേസ്.