സംവരണ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് എം.കെ. സ്റ്റാലിൻ
Wednesday, September 20, 2023 11:22 AM IST
ചെന്നൈ: പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും നൽകുന്ന സംവരണത്തിന്റെ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
50 ശതമാനം എന്ന അതിർവരമ്പ് മറികടന്ന് ദുർബല വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വിവിധ വിഭാഗങ്ങൾക്കായി 69 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇത്തരത്തിൽ സംവരണ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണം നടപ്പിലാക്കുന്നതിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണ്.1990-ൽ വി.പി. സിംഗ് സർക്കാർ ദുർബലവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആ സർക്കാരിനെ മറിച്ചിട്ടവരാണ് ബിജെപിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.