കോഴിക്കോട്: നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ വരുന്ന പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്.

ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ കഴിയുന്നത്രയും കുറച്ച് ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നാണ് നിര്‍ദേശം. പൊതുജനങ്ങള്‍ ഒത്തുചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ മാറ്റിവയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

അതേസമയം നിപ ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂര്‍, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവില്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ഏഴു പഞ്ചായത്തുകള്‍ക്ക് പുറമയാണിത്. നിപ ബാധയെ തുടര്‍ന്ന് പുതിയ ചികില്‍സാ മാര്‍ഗരേഖയും ഇറക്കിയിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്‍റൈൻ നിര്‍ബന്ധമാക്കിയിരുന്നു.

പനിയുള്ളവര്‍ ഉടന്‍ തന്നെ ചികില്‍സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ പറയുന്നു.