കെൽട്രോൺ ഇതുവരെ ഒരു സ്ക്രൂപോലും നിർമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ ! പരാമർശം കേരള വിരുദ്ധമെന്ന് മന്ത്രി പി. രാജീവ്
Tuesday, September 12, 2023 11:59 AM IST
തിരുവനന്തപുരം: എഐ കാമറയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. എഐ കാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഏൽപ്പിച്ചതിനെതിരേ പരാമർശവുമായി രംഗത്തു വന്ന തിരുവഞ്ചൂരിനെതിരേ മന്ത്രിമാരടക്കമുള്ള ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു.
കെൽട്രോൺ ഒരു സ്ക്രൂപോലും നിർമിക്കാത്ത സ്ഥാപനമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശം. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യപ്പെട്ട മന്ത്രി പി. രാജീവ് ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് പറയുകയും ചെയ്തു.
ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്നും തിരുവഞ്ചൂർ പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റെ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേൽക്കുകയായിരുന്നു.
തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ, ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി ഘടകങ്ങൾ നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ എന്നും രാജീവ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ ഘടകങ്ങൾ കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നതെന്നും രാജീവ് വ്യക്തമാക്കി.
തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലീസിന് ആവശ്യമായ കാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ക്ഷമത കൂടിയ ഘടകങ്ങളാണ് കെൽട്രാൺ നൽകുന്നതെന്ന് പറഞ്ഞ മന്ത്രി അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്ന് തിരുവഞ്ചൂരിനോട് ആവശ്യപ്പെടുകയും ചെയ്തു.