ഉദയനിധിയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത സ്വാമിയുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത് സീമാൻ
Wednesday, September 6, 2023 6:57 PM IST
ചെന്നൈ: സനാതന ധർമ വിവാദത്തെത്തുടർന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടാൻ ആഹ്വാനം ചെയ്ത സ്വാമിക്കെതിരെ അക്രമ ആഹ്വാനവുമായി തീവ്ര ദ്രാവിഡ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവ് സീമാൻ.
ഉദയനിധിയുടെ തല വെട്ടിയാൽ 10 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത സന്യാസി ജഗദ്ഗുരു പരമഹംസയുടെ തലയെടുക്കുന്നയാൾക്ക് താന്‍ 100 കോടി രൂപ നല്‍കുമെന്നാണ് സീമാന്‍ പറഞ്ഞത്.
സനാതന ധർമം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണെന്നും അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സീമാൻ പ്രസ്താവിച്ചു.
മനുഷ്യൻ എവിടെ ജനിക്കുന്നു എന്ന് നോക്കി സവര്ണൻ, അവര്ണന് എന്ന് കാണുന്നതാണ് സനാതന ധർമമെന്നും ആ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തന്റെ തല വെട്ടാൻ ആഹ്വാനം ചെയ്ത സന്യാസിയെ പരിഹസിച്ച് ഉദയനിധി രംഗത്തെത്തിയിരുന്നു. ഒരു സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്ന് ഉദയനിധി ചോദിച്ചിരുന്നു.