ആകാശലക്ഷ്യം പൂർത്തിയാക്കി നാല് സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിയെത്തി
Monday, September 4, 2023 7:58 PM IST
ഫ്ലോറിഡ: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് മാസത്തെ ജീവിതത്തോട് വിട പറഞ്ഞ് നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിയെത്തി.
നാസയുടെ ബഹിരാകാശാ സഞ്ചാരികളായ സ്റ്റീവൻ ബ്രൗൺ, വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആന്ദ്രേ ഫെദ്യയേവ്, അറബ് ലോകത്ത് നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി എന്നിവരാണ് ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയത്.
ഇവർ സഞ്ചരിച്ചിരുന്ന സ്പേസ് എക്സ് ക്യാപ്സൂൾ ഫ്ലോറിഡയിലെ ജാക്സൺവിൽ മേഖലയ്ക്ക് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ പാരഷൂട്ട് സഹായത്തോടെ സുരക്ഷിതമായി ലാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ(അമേരിക്കൻ സമയം) ആണ് ഇവർ ലാൻഡിംഗ് നടത്തിയത്.
ഒരേ സമയം ഏഴ് ശാസ്ത്രജ്ഞരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളത്. ഭൂമിയിൽ മടങ്ങിയെത്തുന്ന നാല് പേർക്ക് പകരമായുള്ള നാല് പേർ ഒരാഴ്ച മുമ്പ് നിലയത്തിൽ എത്തിയിരുന്നു.