വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പ്രതിപക്ഷം സനാതന ധർമത്തെ അപമാനിക്കുന്നു: അമിത് ഷാ
Sunday, September 3, 2023 5:51 PM IST
ജയ്പുർ: വർഗീയ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമായി പ്രതിപക്ഷ കക്ഷികൾ സനാതന ധർമത്തെ അപമാനിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ദുർഗാപുരിൽ ബിജെപിയുടെ "പരിവർത്തൻ യാത്ര' ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള പൊതുസമ്മേളനത്തിലാണ് ഷാ ഈ പ്രസ്താവന നടത്തിയത്.
സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.
"ഇന്ത്യ' മുന്നണിയെ കുറച്ച് ദിവസമായി താൻ നിരീക്ഷിക്കുകയാണെന്നും അധികാരം നേടാനായി അവർ രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സനാതന ധർമത്തെയും അപമാനിക്കുകയാണെന്നും ഷാ പറഞ്ഞു.
"ഇന്ത്യ' മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസ്, ഡിഎംകെ എന്നിവയിലെ നേതാക്കൾ സനാതന ധർമം ഉന്മൂലം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. മോദി വിജയിച്ചാൽ സനാതന ധർമ ഭരണം തുടരുമെന്നാണ് ഇവർ പറയുന്നത്. സനാതന ധർമം ജനഹൃദയങ്ങളെ ഭരിക്കുന്നതാണെന്നും അതൊരിക്കലും എടുത്തുമാറ്റാനാവില്ലെന്നും ഷാ കൂട്ടിച്ചേർത്തു.