ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം : എ.കെ. ആന്റണി
Friday, September 1, 2023 8:46 PM IST
കോട്ടയം: ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് ഉമ്മൻ ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ഞെട്ടി വിറച്ച് എല്‍ഡിഎഫ് ബോധം കെടണം. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. അവരുടെ സ്ഥാനാർഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്കാന്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിനുശേഷവും വെറുതെ വിടുന്നില്ല.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും വേട്ടയാടുന്നു. പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മൻ ചാണ്ടി അഗ്നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്.
ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മൻ ചാണ്ടിയെ സിപിഎം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.