യുക്രെയ്ൻ വ്യോമസേനയുടെ പോസ്റ്റർ ബോയ് "ജ്യൂസ്' കൊല്ലപ്പെട്ടു
Tuesday, August 29, 2023 8:17 PM IST
കീവ്: യുക്രെയ്ൻ വ്യോമസേനയുടെ മുഖവും മികച്ച പൈലറ്റുമായ "ജ്യൂസ്'(ആൻഡ്രി പിൽഷിക്കോവ്) അന്തരിച്ചു. പരിശീലനപറക്കലിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് 30-കാരനായ ജ്യൂസ് കൊല്ലപ്പെട്ടത്.
"ജ്യൂസ്' സഞ്ചരിച്ചിരുന്ന എൽ-39 വിമാനം മറ്റൊരു യുദ്ധവിമാനവുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. അപകടത്തിൽ യുക്രെയ്ൻ വ്യോമസേനയിലെ മറ്റ് രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടമായി.
2016-ൽ സർവീസിൽ ചേർന്ന പിൽഷിക്കോവ്, യുക്രെയ്ൻ സേനയിലെ ഏറ്റവും മികച്ച പൈലറ്റ് ആയി ആണ് അറിയപ്പെട്ടിരുന്നത്. റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ, യുക്രെയ്ന് എഫ്-16 വിമാനങ്ങൾ അനുവദിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്.
യുഎസ് സേന അനുവദിച്ച എഫ്-16 വിമാനങ്ങൾ യുക്രെയ്നിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പിൽഷിക്കോവിന്റെ മരണം.
പരിശീലനത്തിന്റെ ഭാഗമായി അമേരിക്ക സന്ദർശിച്ച വേളയിൽ, അവിടെയുള്ള ബാറുകളിൽ പോയി സ്ഥിരമായി ജ്യൂസ് ഓർഡർ ചെയ്തതോടെയാണ് പിൽഷിക്കോവിന് "ജ്യൂസ്' എന്ന ഫൈറ്റർ പൈലറ്റ് കോൾസൈൻ സഹപ്രവർത്തകർ ചാർത്തിനൽകിയത്.