ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനം; മരണസംഖ്യ ഉയരുന്നു
Tuesday, August 29, 2023 1:19 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി ഉയർന്നു.
പടക്കനിർമാണശാലയുടെ ഉടമകളായ കിരാമത് അലി, ഷംസുൽ അലി എന്നിവരാണ് മരിച്ചത്. ബാരാസത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരും.
നോർത്ത് 24 പർഗാനസ് ജില്ലയിലെ ബാരാസത്ത് മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ദത്താപുകുർ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ അനധികൃതമായി നടത്തിയിരുന്ന പടക്കനിർമാണശാലയ്ക്കാണ് തീപിടിക്കുകയായിരുന്നു.
പടക്കനിർമാണത്തിനായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾക്ക് തീപിടിച്ചതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ സമീപത്തുള്ള അമ്പതോളം വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് ഉണ്ടായി. അപകടത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.