വന്ദേ ഭാരതിൽ ടിക്കറ്റില്ല, നൂതന ഗതാഗത സംവിധാനങ്ങള്‍ അനിവാര്യം: മുഖ്യമന്ത്രി
Saturday, August 26, 2023 9:43 PM IST
തിരുവനന്തപുരം: കേരളത്തിൽ നൂതന ഗതാഗത സംവിധാനങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ ഗതാഗതസംവിധാനങ്ങള്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്നും യാത്രാസമയം ഏറ്റവും കൂടുതല്‍ വേണ്ടി വരുന്ന ഒരു സംസ്ഥാനമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ ഇലക്ട്രിക്, ഹൈടെക് ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിര്‍വഹിച്ച ശേഷമാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.
നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണ്. പല കാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം പിറകിലാണ്. ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍. അതിനായി ഒരുക്കുന്ന സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
നൂതനമായ ഗതാഗത സംവിധാനങ്ങള്‍ ആര്‍ക്കാണ് വേണ്ടതെന്ന് ചില കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിത്. അതില്‍ എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്.
അവ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടര്‍ നടത്തുകയാണ്.
കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് വന്ദേഭാരത് ട്രെയിന്‍ ഇവിടെ ഓടിത്തുടങ്ങിയത്. ഇപ്പോഴുള്ള സ്ഥിതി അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. എറണാകുളത്ത് നിന്ന് വന്ന ഒരാള്‍ എന്നോട് പറഞ്ഞത് അദ്ദേഹം ടിക്കറ്റിന് അന്വേഷിച്ചപ്പോള്‍ ടിക്കറ്റില്ല എന്നാണ്. അത്രയേറെ ആളുകള്‍ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.