38 വർഷം കാണാമറയത്ത്; കെജിഎഫിലെ സൈക്കിൾ കള്ളൻ ഒടുവിൽ പിടിയിൽ
Saturday, August 26, 2023 8:05 PM IST
ബംഗളൂരു: കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് മേഖലയിൽ നിന്ന് സൈക്കിൾ മോഷ്ടിച്ച ശേഷം ഒളിവിൽ പോയ പ്രതി 38 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ആൻഡേഴ്സൺപേട്ട് സ്വദേശിയായ പാഷാ ജോൺ(62) ആണ് പിടിയിലായത്.
ആൻഡേഴ്സൺപേട്ട് മേഖലയിലെ എസ്ടി ബ്ലോക്ക് സ്വദേശിയായ ജോൺ എന്നയാളുടെ 250 രൂപ വിലയുള്ള സൈക്കിൾ 1985-ലാണ് മോഷണം പോയത്. ജോൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, പാഷാ ജോൺ ആണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു.
ചോദ്യംചെയ്യലിനായി വിളിപ്പിച്ചെങ്കിലും ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഏറെനാളായി മുടങ്ങിക്കിടക്കുന്ന കേസുകളിൽ തീർപ്പുണ്ടാക്കണമെന്ന കെജിഎഫ് എസ്പി കെ.എം. ശാന്തരാജുവിന്റെ നിർദേശത്തെത്തുടർന്നാണ് സൈക്കിൾ മോഷണക്കേസ് വീണ്ടും തലപൊക്കിയത്.
പോലീസ് രേഖകളിലെ വിരലടയാള സൂചനകൾ ഉപയോഗിച്ച്, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഷാ ജോണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.