ഗ്രീസ് കാട്ടുതീ: പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി
Tuesday, August 22, 2023 6:52 PM IST
ഏഥൻസ്: വടക്കൻ ഗ്രീസിൽ കാട്ടുതീ നാശം വിതച്ച വനമേഖലയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി. തുർക്കി അതിർത്തിക്ക് സമീപം വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയിലെ ദാദിയ വനത്തിലാണ് തീപിടുത്തമുണ്ടായത്.
മരണപ്പെട്ടവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. ദാദിയ നാഷണൽ പാർക്ക് അലക്സാണ്ട്രോപോളിസിന്റെ വടക്ക് ഭാഗത്തുള്ള വലിയ വനപ്രദേശമാണ്, തിങ്കളാഴ്ച മുതൽ തീ പടർന്നതായാണ് കരുതുന്നത്. പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാൻ അധികൃതർ സമീപ ഗ്രാമത്തിലെ ആളുകൾക്ക് നിർദേശം നൽകിയിരുന്നു.
തുർക്കിയിൽ നിന്ന് എവ്റോസ് നദി മുറിച്ചുകടന്ന് യൂറോപ്പിലേക്ക് കടക്കുന്ന സിറിയൻ, ഏഷ്യൻ കുടിയേറ്റക്കാരുടെ ഏറ്റവും പ്രശസ്തമായ റൂട്ടുകളിൽ ഒന്നായി എവ്റോസ് മേഖല മാറിയിട്ടുണ്ട്.