ഇടുക്കിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കട്ടപ്പനയിലും പൂപ്പാറയിലും നേരിയ സംഘര്‍ഷം
Friday, August 18, 2023 11:59 AM IST
ഇടുക്കി: ഭൂവിഷയങ്ങള്‍ ഉന്നയിച്ച് ഇടുക്കിയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കട്ടപ്പനയിലും പൂപ്പാറയിലും നേരിയ സംഘര്‍ഷമുണ്ടായി.
കട്ടപ്പനയില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കാന്‍ ശ്രമിച്ചതോടെ വ്യാപാരികളുമായി വാക്കേറ്റമുണ്ടായി. പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
പൂപ്പാറയില്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതും നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ചിന്നക്കനാലില്‍ നിന്ന് ബോഡിമേട്ടിലേക്ക് വരുന്ന പാതയില്‍ പൂപ്പാറയ്ക്ക് സമീപമാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
യാത്രക്കാരും പ്രവര്‍ത്തകരും തമ്മില്‍ അല്പസമയം വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് പോലീസ് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടതോടെ വാഹനം കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ തയാറാവുകയായിരുന്നു.
ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും കടകള്‍ അടഞ്ഞുകിടക്കുകയാണ്. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.