ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റി
Thursday, August 17, 2023 11:00 PM IST
ഇടുക്കി: ജില്ലയില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റി. ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
മാറ്റിവച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം. ഇടുക്കി ജില്ലയിലെ പരീക്ഷകളിൽ മാത്രമാണു മാറ്റമെന്നും മറ്റു ജില്ലകളിലെ പരീക്ഷകൾ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു വേണ്ടി അഡീഷണൽ അക്കാദമിക് ഡയറക്ടർ എം.കെ. ഷൈൻമോൻ അറിയിച്ചു.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.