പൗരന്മാർ തുല്യരാണ്, തുല്യ അവകാശങ്ങൾ ഉണ്ട്: രാഷ്ട്രപതി
Monday, August 14, 2023 8:04 PM IST
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ തുല്യരാണെന്നും തുല്യ അവകാശങ്ങൾ ഉണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യയുടെ പെൺമക്കൾ മുന്നോട്ട് പോകാനും എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയണമെന്നും താൻ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാ ഗാന്ധിയ്ക്കൊപ്പം കസ്തൂർബാ ഗാന്ധി നടന്നു. ഇപ്പോൾ ഇന്ത്യയുടെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകൾ പങ്കാളികളാകുന്നു, വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരിക്കലും ചിന്തിക്കാത്ത വലിയ ഉത്തരവാദിത്തങ്ങളാണ് അവർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം.
ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.