ഐഎസ് ആക്രമണം; 23 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
Saturday, August 12, 2023 1:42 AM IST
ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കിഴക്കൻ സിറിയയിൽ നടത്തിയ ആക്രമണത്തിൽ 23 പട്ടാളക്കാർ കൊല്ലപ്പെട്ടു. പത്തു പട്ടാളക്കാർക്കു പരിക്കേറ്റു. ഒട്ടേറെപ്പേരെ കാണാതായിട്ടുമുണ്ടെന്നു സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു.
ദെയ്ർ അൽ സോർ പ്രവിശ്യയിൽ ശനിയാഴ്ച ഭീകരർ സൈനികരുടെ വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്നു സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കും. ഐഎസ് ഈ വർഷം സിറിയയിൽ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്.
2019ഓടെ അമർച്ച ചെയ്യപ്പെട്ട ഐഎസിന് സിറിയയിൽ ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്. അടുത്തകാലത്തായി ഭീകരർ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റാഖാ പ്രവിശ്യയിൽ ഈയാഴ്ചയാദ്യം നടന്ന ആക്രമണത്തിൽ 10 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.
സിറിയയിലെ ഐഎസ് തലവൻ അബു ഹുസൈൻ അൽ ഖുറേഷിയെ വധിച്ചതായി തുർക്കി ഏപ്രിലിൽ അവകാശപ്പെട്ടിരുന്നു.