ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ശരിയോ തെറ്റോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കുമെന്ന് ആന്റണി
Thursday, August 10, 2023 6:10 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന വേട്ടയാടൽ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ ഇങ്ങനെ വേട്ടയാടിയത് ശരിയോ തെറ്റോ എന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കും. ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ മറക്കില്ലെന്നും ആന്റണി പറഞ്ഞു.
ഉമ്മൻ ചാണ്ടി മാത്രമല്ല കുടുംബം മുഴുവൻ വേട്ടയാടപ്പെട്ടു. ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുടുംബത്തെയാകെ വേട്ടയാടിയത്. ചാണ്ടി ഉമ്മനെ വ്യക്തിപരമായി തേജോവദം ചെയ്യാൻ നടത്തിയ ശ്രമം കേരളം മറക്കില്ലെന്നും ആന്റണി വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിനോട് പൊരുത്തപ്പെടാനായിട്ടില്ല. ഊണിലും ഉറക്കത്തിലും ഉമ്മൻ ചാണ്ടിയുടെ മനസിൽ ആദ്യം വരുന്നത് പുതുപ്പള്ളിയാണെന്നും ആന്റണി കൂട്ടിച്ചേർത്തു.