അമേരിക്കയിൽ അഗ്നിരക്ഷാസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
Monday, August 7, 2023 9:37 PM IST
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ തീ അണയ്ക്കാനായി എത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാലിഫോർണിയ അഗ്നിരക്ഷാസേനയിലെ രണ്ട് ഉദ്യോഗസ്ഥരും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പൈലറ്റുമാണ് മരിച്ചത്.
കാബസോൺ മേഖലയിലെ ബ്രോഡ്വേ സ്ട്രീറ്റിന് സമീപത്തുണ്ടായ തീപിടിത്തം നിയന്ത്രിക്കാനെത്തിയ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ തുറസായ സ്ഥലത്ത് പടർന്ന തീ കെടുത്തുന്നതിനിടെ, ഒരു ഹെലികോപ്റ്റർ മറ്റൊന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഒരു ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടമായി തകർന്നുവീണ് അതിലുണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. കൂട്ടിയിടിലുൾപ്പെട്ട രണ്ടാം ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് നാല് ഏക്കർ സ്ഥലത്ത് കൂടി തീ പടർന്നുപിടിച്ചെങ്കിലും അഗ്നിരക്ഷാസേന ഇതും പൂർണമായും കെടുത്തിയതായി അധികൃതർ അറിയിച്ചു.