ചണ്ഡിഗഡ്: വർഗീയ സംഘർഷം അരങ്ങേറിയ ഹരിയാനയിലെ നൂഹിലെ ബുൾഡോസർ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പൊളിക്കൽ നടപടികൾ നാലുദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചത്.

ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പോലീസിനും കോടതി നോട്ടീസ് അയച്ചു. ജൂലൈ 31ന് നടന്ന ഘോഷയാത്രയ്ക്കിടെ സഹാറ ഹോട്ടലിന്‍റെ മേൽക്കൂരയിൽനിന്ന് ചിലർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് നൂഹിൽ അക്രമം ആരംഭിച്ചത്.

സംഘര്‍ഷത്തിന് പിന്നാലെയാണ് അധികൃതര്‍ ബുള്‍ഡോസര്‍ നടപടി ആരംഭിച്ചത്. യുപി മോഡൽ ബുൾഡോസർ നടപടിക്ക് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നിർദേശം നൽകിയതിനു പിന്നാലെ മുസ്ലിംകളെ ലക്ഷ്യമിട്ടാണ് പൊളിക്കൽ നടപടികളെന്ന് ആരോപണമുയരുന്നുണ്ട്.

ആവശ്യമെങ്കിൽ ഇനിയും ബുൾഡോസർ പ്രയോഗിക്കാൻ മടിക്കില്ലെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് വ്യക്തമാക്കി. സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.