രാഹുലിനെ എത്ര മണിക്കൂറിനുള്ളിൽ തിരിച്ചെടുക്കുമെന്ന് നോക്കാം: മല്ലികാർജുൻ ഖാർഗെ
Friday, August 4, 2023 8:18 PM IST
ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സുപ്രീം കോടതി വിധിയിൽ ഞങ്ങൾ എല്ലാവരും സന്തോഷിക്കുന്നു. ഇത് രാഹുൽ ഗാന്ധിയുടെ മാത്രമല്ല ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ്. ഇത് ജനങ്ങളുടെ വിജയമാണ്.
അപകീർത്തിക്കേസിൽ രാഹുലിനെ ശിക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ലോക്സഭയിൽനിന്നു അയോഗ്യനാക്കി. എത്ര മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നമുക്ക് നോക്കാമെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുമെന്ന് അധീർ രഞ്ജൻ ചൗധരിയും പറഞ്ഞു.