കാമറയിൽ കുടുങ്ങിയിട്ടും പിൻമാറാതെ ബ്ലാക്ക്മാൻ
Monday, July 31, 2023 7:38 PM IST
ചെറുപുഴ: സിസിടിവി കാമറയിൽ കുടുങ്ങിയിട്ടും മലയോരത്ത് ഭീതി പരത്തുന്ന ബ്ലാക്ക്മാന് കുലുക്കമില്ല. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണവും രാത്രികാല പട്രോളിംഗും ശക്തമാക്കിയെങ്കിലും ഞായറാഴ്ചയും പ്രാപ്പൊയിലിൽ ബ്ലാക്ക്മാനെത്തി.
പുതുവക്കൽ സുരേഷിന്റെ വീട്ടിലാണ് ബ്ലാക്ക്മാന് എത്തിയത്. വീടിന്റെ വാതിലിൽ ബ്ലാക്ക്മാൻ മുട്ടി വിളിച്ചു. വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും അപ്രത്യക്ഷനായി. പ്രാപ്പൊയിൽ പഴയ റേഷൻ കടയ്ക്ക് സമീപം മുസ്തഫയുടെ കടയുടെ ചുമരിൽ ബ്ലാക്ക്മാനെന്ന് എഴുതുകയും ചെയ്തു.
ഇതോടെ ചെറുപുഴ മേഖലയിൽ ഒരു മാസമായി തുടരുന്ന ബ്ലാക്ക്മാൻ ഭീതി ഒഴിയുന്നില്ല. ജൂലൈ ആദ്യം കോടോപ്പള്ളിയിലാണ് മുഖംമൂടി ധരിച്ച നഗ്നനായ വ്യക്തി രാത്രി വാതിലിലും ജനലിലും തട്ടി വിളിക്കുന്നതായും പൈപ്പ് തുറന്നിടുകയും ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞത്.
പിന്നീട് ചെക്കിച്ചേരി, തേർത്തല്ലി, രയറോം, മൂന്നാംകുന്ന്, കുണ്ടേരി, എയ്യൻകല്ല്, പ്രാപ്പോയിൽ ഈസ്റ്റ്, കോക്കടവ്, തിരുമേനി, പ്രാപ്പോയിൽ, മുളപ്ര, കന്നിക്കളം, കോലുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെത്തി നിരവധി വീടുകളുടെ കതകുകളിലും ജനലുകളിലും തട്ടിയും ഹലോ എന്നും വിളിച്ചും ഭയപ്പെടുത്തി.
ചുവരെഴുത്തും ചിത്രങ്ങളും കൈപ്പത്തിയും
ഒരാഴ്ച മുന്പാണ് തട്ടി വിളിക്കുന്നതിനൊപ്പം ചുമരെഴുത്തും കൈപ്പത്തി പതിപ്പിക്കലും ചിത്രം വരയും തുടങ്ങിയത്. കറുത്ത മഷിയോ കരിയോ ഉപയോഗിച്ചാണ് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഗോക്കടവ് ശിവക്ഷേത്രം എന്നിവയുടെ ചുമരുകളിൽ ബ്ലാക്ക്മാനെന്നെഴുതുന്നതും ചിത്രം വരയ്ക്കുന്നതും കൈപ്പത്തി പതിപ്പിക്കലും നടത്തിയത്.
യുവാക്കളുടെ തെരച്ചിലും കാവലും വിഫലമായി
ബ്ലാക്ക്മാൻ ഭീതി വർധിച്ചു വന്നതോടെ വിവിധ പ്രദേശങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ കാവലും തെരച്ചിലും ശക്തമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ദിവവസങ്ങളോളം പുലരും വരെ കാത്തിരിന്നുവെങ്കിലും ഫലമുണ്ടായില്ല. പോലീസിൽ വിവരമറിയിച്ചും ബ്ലാക്ക്മാനെ കണ്ടെത്താനായില്ല.
ഭീതിപ്പെടുത്തുന്നതല്ലാതെ ഉപദ്രവങ്ങളില്ല
ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയല്ലാതെ കാര്യമായ യാതൊരു ഉപദ്രവവും ഇതുവരെ ബ്ലാക്ക്മാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നതാണ് ചെറിയ ആശ്വാസം. പ്രാപ്പോയിലിൽ ഒരു വീടിന്റെ ബൾബ് ഊരിമാറ്റിയതും ജനൽ കുത്തിത്തുറന്നതും കന്നിക്കളത്ത് ഒരു വീട്ടിലെ കുട ഒടിച്ചതു മാണിതിനപവാദം. എന്നാൽ ഒരേ സമയം വിവിധ സ്ഥലങ്ങളിൽ കണ്ടുവെന്നു ആളുകൾ പറഞ്ഞതോടെ ബ്ലാക്ക്മാൻ ഒരാളല്ല ഒരു സംഘമാണെന്നും സംശയമുയർന്നിട്ടുണ്ട്. എന്നാൽ എല്ലാ ചുമരെഴുത്തുകളിലും കൈയക്ഷരം ഒരേ പോലെ തന്നെയാണുള്ളത്.
സാമൂഹ്യ വിരുദ്ധനെന്ന് പോലീസ്
ഏതോ സാമൂഹ്യ വിരുദ്ധനാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ പ്രചാരണം നൽകുന്നതാണ് ഇയാൾക്ക് പ്രചോദനമാകുന്നതെന്നും അതേ സമയം ജാഗ്രത പുലർത്തണമെന്നും പോലീസ് പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. എങ്കിലും ആ ദിവസങ്ങളിലും ബ്ലാക്ക് ചുമരെഴുത്തു നടത്തുകയും ചെയ്തു. ചുമരെഴുത്തു നടന്ന ഗോക്കടവ് ശിവക്ഷേത്രത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം നടത്തി.
ഒടുവിൽ സിസിടിവിയിൽ
ഏറ്റവും ഒടുവിലായി ബ്ലാക്ക്മാന്റെ അവ്യക്തമായ രൂപം സിസിടിവിയിൽ കുടുങ്ങി. ശനിയാഴ്ച രാത്രി പ്രാപ്പോയിൽ പെരുന്തടം ചങ്ങാതി മുക്കിലെ കല്ലമ്മാക്കൽ സതീഷ് കുമാറിന്റെ വീടിന്റെ ഭിത്തിയിൽ ബ്ലാക്ക്മാനെന്നെഴുതുമ്പോഴാണ് വീട്ടിലെ തന്നെ സിസി ടിവി കാമറയിൽ ബ്ലാക്ക്മാൻ കുടുങ്ങിയത്.
രാത്രി പതിനൊന്നോടെ മുറ്റത്തു കൂടി ആരോ നടക്കുന്ന ശബ്ദം കേട്ടതായി സതീഷിന്റെ മക്കൾ പറഞ്ഞു. തുടർന്ന് കാമറ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടത്. തുണികൊണ്ട് മുഖം മറച്ച് ഉയരമുള്ള ഒരാൾ വരുന്നതും ചുമരിലെഴുതി തിരികെ പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സതീഷും ഭാര്യയും വിദേശത്താണ്. സതീഷിന്റെ അമ്മയും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്. പോലീസ് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്.
ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി വേണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന ബ്ലാക്ക്മാനെ എന്തു വില കൊടുത്തും പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.