അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി ഉദ്ധവ് താക്കറെ
Wednesday, July 19, 2023 6:30 PM IST
മുംബൈ: എൻസിപിയിലെ പിളർപ്പിനുശേഷം ആദ്യമായി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. അജിത് പവാർ ഉപമുഖ്യമന്ത്രിയായശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.
ആദിത്യ താക്കറെയും മറ്റ് ശിവസേന എംഎൽഎമാരും ഉദ്ധവിനൊപ്പമുണ്ടായിരുന്നു. അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
2019-ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
ധനകാര്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം അജിത് നടത്തിയിട്ടുണ്ട്. അതിനാൽ ഇത്തവണയും ജനങ്ങൾക്ക് മന്ത്രിയിൽ നിന്നും അർഹമായ സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.